1970കളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും എതിരാളികള്‍ക്ക് തകര്‍ക്കാനാവാത്ത പ്രതിരോധ മതിലായിരുന്നു സി.സി. ജേക്കബ്. 1974ലെ ഏഷ്യന്‍ യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും സന്തോഷ് ട്രോഫി പ്രഥമ കേരള കിരീടവും നേടിയ, സി.സി എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന റിട്ട. ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ക്ക് 1978, 1982 ലോകകപ്പ് വിശേഷങ്ങളാണ് മനസില്‍ പച്ചപിടിച്ചു കിടക്കുന്നത്.
സി.സി. ജേക്കബിന്റെ ഫിഫ ലോകകപ്പ് ഓര്‍മകളിലേക്ക്: “അന്നൊന്നും നാട്ടില്‍ ടെലിവിഷന്‍ ഇറങ്ങിയിട്ടില്ല. 1978ലെ ഹോളണ്ട്-അര്‍ജന്റീന ഫൈനല്‍ ആണ് ആദ്യ ലോകകപ്പ് അനുഭവം. ഉറക്കമൊഴിച്ചിരുന്ന് റേഡിയോ കമന്ററി കേട്ടത് ഇന്നലെയെന്നപോലെ ഇന്നും മനസിലുണ്ട്. അന്നത്തെ കമന്ററി കേട്ടാല്‍ അവര്‍ മൈതാനത്ത് കളിക്കുന്നത് കണ്മുന്നില് എന്നപോലെ നമുക്ക് കാണാനാകുമായിരുന്നു”- ജേക്കബ് പറയുന്നു.
“1974 ലെ ഫൈനലിസ്റ്റുകള്‍ ആയിരുന്നെങ്കിലും കിരീടം സ്വന്തമാക്കാന്‍ കഴിയാതെപോയ ഹോളണ്ടിന് 1978ലെ കപ്പ് കിട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. ആദ്യപകുതി തീരുന്നതിന് കുറച്ചുമുമ്പ് അര്‍ജന്റീനയുടെ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ കെമ്പസ് ഗോള്‍ സ്കോര്‍ ചെയ്തു. കളി അവസാനിക്കാന്‍ 10-15 മിനിറ്റ് ശേഷിക്കേ ഹോളണ്ടിന്റെ സമനില ഗോള്‍. കളി അധികസമയത്തേക്കു നീണ്ടു. അധികസമയത്തിന്റെ ആദ്യപകുതി തീരും മുന്‍പേ കെമ്പസിന്റെ രണ്ടാം ഗോള്‍. ഇതോടെ മാരിയോ കെമ്പസ് ടൂര്‍ണമെന്റിലെ ടോപ്സ്കോററും മാന്‍ ഓഫ് ദ മാച്ചുമായി. രണ്ടാം പകുതിയില്‍ ബെര്‍ട്ടോണിയുടെ ഗോളോടെ 3-1ന് അര്‍ജന്റീനയ്ക്കു കിരീടം. തുടര്‍ച്ചയായ രണ്ടാം തവണയും ഹോളണ്ടിനു നിരാശ.
പിറ്റേത്തവണത്തെ കളിയാണ് ഞാന്‍ ടെലിവിഷനില്‍ ആദ്യമായി കണ്ട ലോകകപ്പ്. അന്ന് ഞാന്‍ കസ്റ്റംസില്‍ മദ്രാസ് എയര്‍ പോര്‍ട്ടിലാണ് ജോലി ചെയ്യുന്നത്. 1982 ജൂലൈ എട്ട്. സ്പെയിനി ലെ സെവില്ലെയില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം. എനിക്കൊരു അത്യാവശ്യ മുണ്ടെന്നുപറഞ്ഞ് ജോലി കൂട്ടുകാരനെ ഏല്‍പ്പിച്ച് എയര്‍പോര്‍ട്ടിലെ സ്പെന്‍സറിന്റെ റസ്റ്റോറന്റിലേക്ക് പോയി. അന്ന് അവിടെ ടെലിവിഷന്‍ ഉണ്ട്. അവിടെ ഇരുന്നാണ് കളി കണ്ടത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അറ്റാക്കിംഗ് ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പോള്‍ ബ്രൈറ്റ് നര് അന്നത്തെ ജര്‍മന്‍ ടീമിന്റെ നട്ടെല്ലായിരുന്നു. ഇദ്ദേഹത്തപ്പോലെയായിരുന്നു ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഈസ്റ്റ് ബംഗാളിന്റെ സുധീര്‍ കര്‍മാക്കറും കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കളി കാണണമെന്നതു വല്ലാത്തൊരു മോഹമായിരുന്നു.
ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നായും വിവാദപരമായ മത്സരമായും ആണ് ഈ കളി അറിയപ്പെടുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോള്‍ വീതമടിച്ച് സമനില. ആദ്യ ഗോളടിച്ചത് ഫ്രാന്‍സിന്റെ ക്യാപ്റ്റന്‍ മിഷേല്‍ പ്ലാറ്റിനി ആയിരുന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫ്രാന്‍സ് 3-1 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ജര്‍മനി 3 -3 സമനിലയില്‍ ആക്കി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു സെമിഫൈനല്‍ മത്സരം ടൈബ്രേക്കറിലേക്കുപോയി. ഒരു കിക്ക് ജര്‍മന്‍ ഗോളി ഷുമാക്കര്‍ തടഞ്ഞിട്ടതോടെ 5-4 ന് അവര്‍ ജയിച്ച് ഫൈനലിലെത്തി. കിരീടപ്പോരാട്ടത്തില്‍ അവര്‍ 3-1 ന് ഇറ്റലിയോടു പരാജയപ്പെട്ടു.
പക്ഷേ, വളരെ വിവാദങ്ങള്‍ നിറഞ്ഞ മത്സരമായിരുന്നു അത്. ജര്‍മന്‍ ഗോള്‍കീപ്പര്‍ ഹെറാള്‍ഡ് ഷുമാക്കര്‍ ഫ്രഞ്ച് താരം പാട്രിക് ബാറ്റിസ്റ്റനെ ബോക്സിനു പുറത്തുവച്ച് ശക്തമായി ഇടിച്ചുവീഴ്ത്തി. ബോധരഹിതനായ ബാറ്റിസ്റ്റന്റെ വാരിയെല്ലുകള്‍ ഒടിയുകയും പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. എന്നിട്ടും ഹോളണ്ടുകാരനായ റഫറി ചാള്‍സ് കോര്വര് ഫൗള്‍ വിളിക്കുകയോ കാര്‍ഡ് നല്‍കുകയോ ചെയ്തില്ല. ലോകകപ്പ് ചരിത്രത്തിലെ വിവാദ റഫറിംഗ് തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. 'നൈറ്റ് ഓഫ് സെവിയ്യ' എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്”- അദ്ദേഹം ഓർമിക്കുന്നു.
ഇഷ്ട കളിക്കാരന്
“അറ്റാക്കിംഗ് ഡിഫന്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വെസ്റ്റ് ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്ബോവറെത്തന്നെയാണ്. ‘ഡെര്‍ കൈസര്‍' (ചക്രവര്‍ത്തി എന്നര്‍ഥം) എന്ന വിളിപ്പേരുള്ള അദ്ദേഹം കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസതാരമാണ്. പ്രതിരോധനിരയില്‍നിന്ന് കളി നിയന്ത്രിക്കാനും ആക്രമണങ്ങള്‍ സൃഷ്ടിക്കാനും അസാധാരണ കഴിവ്. ആധുനിക ലിബറോ ( സ്വീപ്പര്‍ ) പൊസിഷനെ ജനപ്രിയമാക്കിയ താരം. മികച്ച നേതൃഗുണം, പാസിംഗ് മികവ്, കളിയെ മൊത്തമായി റീഡിംഗ് നടത്താനുള്ള കഴിവ്”.
ഇത്തവണ സാധ്യതയുള്ള ടീം
“ഏതെങ്കിലും ഒരു യൂറോപ്യന്‍ ടീം കപ്പ് നേടും. ഒന്നുകില്‍ സ്പെയിന് അല്ലെങ്കില്‍ ഫ്രാന്‍സ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളെങ്കിലും അടിക്കണം എന്നാണ് എന്റെ മോഹം. കഴിഞ്ഞതവണ ക്വാര്‍ട്ടറില്‍ മൊറോക്കോക്കെതിരെ ആദ്യപകുതിയില്‍ റോണോയെ കോച്ച് ഫെര്‍ണാണ്ടൊ സാന്റോസ് കളിപ്പിച്ചിരുന്നില്ല. കളിപ്പിച്ചിരുന്നെങ്കില്‍ അവര്‍ സെമിയിലെത്തിയേനേ എന്നാണെന്റെ വിശ്വാസം. ഇത്തവണ 48 ടീമുകള്‍ ഉള്ളതുകൊണ്ട് കാണികളുടെ പങ്കാളിത്തം കൂടുമെങ്കിലും കളികളുടെ നിലവാരം കുറയാനാണു സാധ്യത”-ജേക്കബ് പറഞ്ഞു നിര്‍ത്തി.